കഥാ പുസ്തകങ്ങളും സിനിമയും പിന്നെ ഞാനും ബാല്യകാല സ്മരണകൾ -011
- Thomas Mathew

- Mar 27, 2024
- 2 min read

കഥകൾ വായിച്ചും കേട്ടുമാണ് ഞാൻ വളർന്നത്. എൻ്റെ കുഞ്ഞിക്കാലത്ത് പപ്പാ കഥ പറഞ്ഞു തരും. പപ്പയുടെ കഥ പറച്ചിലിനൊരു പ്രത്യേകതയുണ്ടായിരുന്നു. അന്നത്തെ പപ്പയുടെ എല്ലാ കഥകളും തുടങ്ങുന്നത് "ഒരിടത്തൊരിടത്തൊരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു ..." എന്നായിരുന്നു. പിന്നെ ഈ അപ്പൂപ്പൻ്റെ സ്വഭാവ വിശേഷങ്ങൾ പറയുമ്പോൾ അതു നമ്മുടെ അയൽ പക്കത്തുള്ളവരോ ബന്ധത്തിലുള്ളവരോ ആയി നമുക്ക് തോന്നും. ഒരേ കഥ തന്നെ പലവട്ടം പറയുമ്പോൾ ഈ കഥാപാത്രങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ കേൾക്കാൻ നല്ല രസമാകും. പപ്പയുടെ കഥപറച്ചിലിൽ നമ്മളും അറിയാതെ പങ്കാളി ആയി പോകും. ആ കഥയിലെവിടെയെങ്കിലും പറഞ്ഞാൽ കേൾക്കാത്ത കുരുത്തം കെട്ട കുട്ടികൾ ഉണ്ടെങ്കിൽ ഞങ്ങളെ ആണോ ഉദ്ദേശിച്ചത് എന്നു തോന്നുന്ന തരത്തിലാവും കഥ പറച്ചിൽ. നല്ല സ്വഭാവമുള്ള കുട്ടികൾക്ക് അയൽ പക്കത്തും ബന്ധത്തിൽ പെട്ട കുട്ടികളുടെയും ഒരു ഛായ ആയിരിക്കും.
കഥപറച്ചിലുകളുടെ വേറൊരു ശൈലി ആയിരുന്നു പപ്പയുടെ അനുജൻ കുഞ്ഞപ്പാപ്പന്. കുട്ടികളെ കൈയിലെടുക്കാൻ ഏറ്റവും നല്ല വഴി കഥ പറച്ചിലായിരുന്നു. കഥ പറയുന്ന വരുടെ പിന്നാലെയാവും വീട്ടിലെ കുട്ടികളെല്ലാം. ഒരവധി കാലത്തു ഞങ്ങൾ കുട്ടികൾ പപ്പയുടെ തറവാട്ടിൽ കുടിയിരിക്കുകയാണ്, കുഞ്ഞപ്പാപ്പൻ ആണ് ഞങ്ങളുടെ ഹീറോ. ഉച്ചയ്ക്കത്തെ ചോറുണുമൊക്കെ കഴിഞ്ഞു ഞങ്ങൾ കുഞ്ഞപാപ്പന്റെ ചുറ്റും കൂടി യിരിക്കുകയാണ്, കഥ കേൾക്കാൻ. കുഞ്ഞപ്പാപ്പൻ അക്കാലത്തിറങ്ങിയ "മിശിഹാ ചരിത്രം" എന്ന സിനിമയുടെ കഥയാണ് പറഞ്ഞത്. ഞങ്ങൾ അന്നുവരെ കേൾക്കാത്ത ഒരു യേശുവിനെയാണ് അന്ന് ഞങ്ങൾ ആ വാക്കുകളിലൂടെ കേട്ടത്. കുഞ്ഞപ്പാപ്പൻ "മിശിഹാ ചരിത്രം" കണ്ടിട്ടില്ല എന്നും പറഞ്ഞ കഥയ്ക്ക് "മിശിഹാ ചരിത്രം" വുമായി പുലബന്ധം പോലുമില്ലെന്ന സത്യവും അന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.
കഥ അങ്ങനെ ഗംഭീരമായി പുരോഗമിക്കുകയാണ്. കുഞ്ഞപ്പാപ്പന് ചീട്ടുകളിയ്ക്കാൻ പോകാൻ സമയമായി. അന്നൊക്കെ വൈകുന്നേരം തലപന്തു കളിയ്ക്കുക, വായനശാല യിൽ പോകുക, ചീട്ടുകളിയ്ക്കുക, ഇതൊക്കെയായിരുന്നു ചെറുപ്പക്കാരുടെ വൈകിട്ടത്തെ പരിപാടികൾ. കൂട്ടുകാർ മതിലിനപ്പുറത്തു നിന്നു വിളിയ്ക്കുന്നു. ഇവിടെ യേശു പിലത്തോസിന്റെ കൊട്ടാരത്തിലായതേയുള്ളൂ. ഞങ്ങൾ എല്ലാം വളരെ ആകാംഷയോടെ കേട്ടുകൊണ്ടിരിയ്കുകയാണ്. തലപന്തു കളിയ്ക്കുന്ന കൂട്ടുകാരുടെ കൂടെ ചീട്ടുകളിയ്ക്കുന്ന യേശുവിനെ ഞങ്ങൾക്കും ഒത്തിരി ഇഷ്ടപ്പെട്ടു.
കുഞ്ഞപ്പാപ്പൻ രഹസ്യമായി ബീഡി വലിക്കുന്നുണ്ടെന്നു ഞങ്ങളുടെ രഹസ്യാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്തായാലും യേശു ഒരു രസത്തിനു വല്ലപ്പോഴും കൂട്ടുകാരുടെ കൂടെ ബീഡി വലിച്ചതായി കുഞ്ഞപ്പാപ്പൻ പറഞ്ഞില്ല. കഥ പറച്ചിലിൽ നിന്നും രക്ഷപ്പെടാനായി കുഞ്ഞപ്പാപ്പൻ ഒരു വ്യവസ്ഥ വെച്ചു. "ഇനി ആരെങ്കിലും കഥ കേട്ട് മൂളിയാൽ അപ്പം കഥ നിർത്തും" 6 മുതൽ 18 വയസ്സുവരെ യുണ്ട് ഞങ്ങളുടെ ഗ്യാങിൽ. ഇതുവരെ എല്ലാവരും കഥ മൂളി കേൾക്കുകയായിരുന്നു. "....പീലത്തോസ് കൈ കഴുകാൻ വെള്ളം ചോദിച്ചു...." ഇത്രയും പറഞ്ഞിട്ടു എല്ലാവരുടെയും മുഖത്തേയ്ക്ക് നോക്കി കുഞ്ഞപ്പാപ്പൻ. കൂട്ടത്തിലാരോ ഒന്നു മൂളി. കുഞ്ഞപ്പാപ്പൻ സ്‌ഥലം വിട്ടു. എല്ലാവരും നിരാശരായി, എന്നെ നോക്കി. ഞാനൊരു ധൈര്യത്തിൽ ബാക്കി കഥ പറഞ്ഞു. അന്നു തുടങ്ങിയതാണ് ഈ കഥ പറച്ചിൽ അസുഖം. അതിന്റെ പരിണിത ഫലം ഇപ്പോൾ നിങ്ങളും അനുഭവിക്കുന്നു.
ആ അവധിയ്ക്കായിരുന്നു പപ്പാ വീട്ടിൽ റേഡിയോ വാങ്ങിയത്. ആകാശവാണി തിരുവന്തപുരം, ആലപ്പുഴ, കോഴിക്കോട്, വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ.
തോമസ് മാത്യു
ചിത്രം : നമ്മുടെ സ്വന്തം ജോഷി.
(ഓർമ്മകൾ തുടരും )




Comments